പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി ഭർത്താവ് തന്നെയെന്ന് പോലീസ്.
പശ്ചിമബംഗാൾ സ്വദേശിയാണ് പ്രതി. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ പ്രതിക്കായി അന്വേഷണം തുടരുകയാണ്.
മൃതദേഹങ്ങൾ അഞ്ച് ദിവസത്തോളം വെള്ളത്തിൽ കിടന്നതായാണ് ഫോറൻസിക് പരിശോധനയിലെ സൂചന. ഞായറാഴ്ച ഉച്ചയോടെ കാലിമേയ്ക്കാൻ എത്തിയവരാണ് പുഴയോരത്ത് തങ്ങിക്കിടന്ന മൂന്ന് ചാക്കുകൾ കണ്ടത്. ആദ്യ ചാക്കിൽ ശരീരഭാഗങ്ങൾ കണ്ടതോടെ നാട്ടുകാർ പോലീസിനെ അറിയിച്ചു.
പരിശോധനയിൽ 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെയും 5 വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ശരീരഭാഗങ്ങൾ മടക്കി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ചാക്കിൽ കയറ്റിയ നിലയിലായിരുന്നു. ഇത് ഒന്നിലേറെ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിനും ഇടയാക്കിയിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്ന് വിതരണം ചെയ്യുന്ന ബിരിയാണി അരിയുടെ ചാക്കുകളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാക്കുകൾ വാങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.