പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുരുന്നുകളെ വീടിനു മുന്നിലെ സിമന്റ് തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
അഞ്ച് വയസ്സുകാരി ജെനിഫറും മൂന്ന് വയസ്സുകാരൻ റോബിനുമാണ് കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിന് പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അമ്മ കുറ്റസമ്മതം നടത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അച്ഛൻ ജോൺ കുമാർ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. രണ്ട് കുട്ടികളും ഒരുമിച്ച് ടാങ്കിൽ വീണതിൽ ആദ്യം മുതൽ പൊലീസിന് ദുരൂഹത തോന്നിയിരുന്നു. കൊലപാതക കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.