പാലക്കാട്: പുഴയിൽ വീണ അമ്മാവനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 13 വയസുകാരൻ മുങ്ങി മരിച്ചു. കൽപാത്തി പേച്ചിയമ്മൻ നഗർ സ്വദേശി മനോജ് കുമാറിന്റെ മകൻ എം ആദർശ് (13) ആണ് മരിച്ചത്. അമ്മാവനെ സമീപത്തുണ്ടായിരുന്ന നിർമാണത്തൊഴിലാളികൾ രക്ഷിച്ചു. ഇന്നലെ രാവിലെ 10ന് കൽപാത്തി പുഴക്കടവിലായിരുന്നു സംഭവം.
ആദർശ് സഹോദരൻ ആയുഷ്, അമ്മാവൻ ശിവകുമാർ, മറ്റു രണ്ടു സുഹൃത്തുക്കൾ എന്നിവർക്കൊപ്പം പുഴയിൽ കുളിക്കാനായി എത്തിയതായിരുന്നു. എല്ലാവരും പുഴയിലിറങ്ങി. ഇതിനിടെ ശിവകുമാർ മുങ്ങിത്താഴുന്നതു കണ്ട് ആദർശ് രക്ഷിക്കാൻ ശ്രമിച്ചു. ഇരുവരും മുങ്ങിത്താഴുന്നതു കണ്ടതോടെ ബാക്കിയുള്ളവർ നിലവിളിച്ചു. സമീപത്തെ ശിവക്ഷേത്രത്തിലുണ്ടായിരുന്ന നിർമാണത്തൊഴിലാളികളെത്തി ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആദർശ് മുങ്ങിത്താഴുകയായിരുന്നു.
തൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പാലക്കാട് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമെത്തിയാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. ഒലവക്കോട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അനുപ്രിയയാണ് ആദർശിന്റെ അമ്മ