കൊയിലാണ്ടി: റെയിൽവേ മേൽപ്പാലത്തിനടിയിൽ വെച്ച് മധ്യവയസ്കന് നേരെ സംഘം ചേർന്നുള്ള ആക്രമണം.

നടേരി പുതുശ്ശേരിക്കണ്ടി ലത്തീഫിനാണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.

രണ്ടുപേർ തമ്മിൽ അടിപിടി കൂടുന്നത് കണ്ട് എന്താണ് പ്രശ്നമെന്ന് ചോദിച്ചതോടെ, അവിടെയുണ്ടായിരുന്ന രണ്ടു മൂന്നു പേർ ചേർന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ലത്തീഫ് പറയുന്നു. കത്തിയും ബിയർ കുപ്പി പൊട്ടിച്ചതും ഉപയോഗിച്ചായിരുന്നു ആക്രമണം.

ആക്രമണത്തിന് ശേഷം അക്രമികൾ സ്ഥലം വിട്ടതോടെ ലത്തീഫ് സുഹൃത്തിന്റെ സഹായത്തോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തി. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൈ, കാൽ, ചെവി എന്നിവിടങ്ങളിൽ പരിക്കേറ്റ ലത്തീഫിന്റെ കൈയിലെ മുറിവിന് പ്ലാസ്റ്റിക് സർജറി വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സംഭവത്തിൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.