തുറയൂര്‍: തുറയൂരില്‍ ഒമ്പതുവയസുകാരന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പതിമൂന്നാം വാര്‍ഡായ കീരന്‍കൈയില്‍ താമസിക്കുന്ന കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം പയ്യോളിയില്‍ മൂന്നുവയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുടെ ബന്ധുവുമാണ് തുറയൂരില്‍ രോഗം സ്ഥിരീകരിച്ചിരുന്ന ഒമ്പതുവയസുകാരന്‍. പനിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

നേരത്തെ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് രോഗബാധയെന്ന രീതിയില്‍ പ്രചരണമുണ്ടായിരുന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ ബന്ധുവീട് നാലാം വാര്‍ഡിലുണ്ട്. ഈ വീടുമായുള്ള സമ്പര്‍ക്കമാണ് ഇത്തരത്തില്‍ പ്രചരണമുണ്ടാവാന്‍ കാരണം.

കോഴിക്കോട് ജില്ലയില്‍ ഇതോടെ 12 പേര്‍ക്കാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.