കോഴിക്കോട്: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി (മീസിൽസ്) ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. രോഗബാധയെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മൂന്ന് കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ട്. കോഴിക്കോട് ഒന്നും മലപ്പുറത്ത് രണ്ടുപേരുമാണ് മരിച്ചത്. രോഗവ്യാപനം ശക്തമായ സാഹചര്യത്തിൽ ഇരു ജില്ലകളിലും ആരോഗ്യവകുപ്പ് തീവ്ര ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പ്രതിരോധ കുത്തിവെപ്പിലൂടെ നിയന്ത്രണവിധേയമാക്കിയിരുന്ന അഞ്ചാംപനി വീണ്ടും കുട്ടികളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തിലും ഗണ്യമായ വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷം ആകെ 30 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം ഇതുവരെ 80 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്.
വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാംപനി. ചെറിയ കുട്ടികളിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. പ്രത്യേകിച്ച് ആറുമാസം മുതൽ മൂന്ന് വയസുവരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. കൗമാരക്കാരിലും മുതിർന്നവരിലും രോഗബാധ ഉണ്ടാകാം. വൈറസ് ശരീരത്തിലെത്തിയാൽ സാധാരണയായി 10 മുതൽ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. പനി, ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയാണ് പ്രധാന പ്രാരംഭ ലക്ഷണങ്ങൾ. മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷം ശരീരത്തിൽ ചുവന്ന തിണർപ്പുകൾ പ്രത്യക്ഷപ്പെടാം. വയറിളക്കം, ഛർദി, ശക്തമായ വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും ചിലരിൽ ഉണ്ടാകാം.
വളരെ വേഗത്തിൽ പകരാൻ സാധ്യതയുള്ള രോഗമാണ് അഞ്ചാംപനി. രോഗബാധിതർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്തേക്ക് വരുന്ന ചെറുകണികകളിലൂടെയാണ് പ്രധാനമായും വൈറസ് പകരുന്നത്. അതിനാൽ സ്കൂളുകൾ, അങ്കണവാടികൾ, വീടുകൾ തുടങ്ങിയ കുട്ടികൾ കൂട്ടമായി ഇടപഴകുന്ന ഇടങ്ങളിൽ രോഗവ്യാപന സാധ്യത കൂടുതലാണ്.
രോഗബാധിതരിൽ സമയബന്ധിതമായി രോഗനിർണയവും ചികിത്സയും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ചികിത്സ വൈകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. അഞ്ചാംപനി മൂലം ഏറ്റവും സാധാരണയായി ഉണ്ടാകുന്ന സങ്കീർണതകളിൽ വയറിളക്കത്തെ തുടർന്നുള്ള നിർജലീകരണം, ന്യൂമോണിയ, ചെവിയിൽ പഴുപ്പ് എന്നിവ ഉൾപ്പെടുന്നു. ചെവിയിലെ അണുബാധ യഥാസമയം ചികിത്സിക്കാതെ പോയാൽ മെനിഞ്ചൈറ്റിസ് പോലുള്ള ഗുരുതര പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ശരീരത്തിലെ വിറ്റാമിൻ എയുടെ കുറവും രോഗത്തിന്റെ സങ്കീർണത വർധിപ്പിക്കുന്ന ഘടകമാണ്.
മീസിൽസ്–റുബെല്ല (എം.ആർ) വാക്സിൻ കൃത്യമായി സ്വീകരിക്കുന്നതിലൂടെ അഞ്ചാംപനി തടയാൻ കഴിയും. കുട്ടിയുടെ ഒമ്പതാം മാസം പൂർത്തിയായാൽ ആദ്യ ഡോസ് എം.ആർ വാക്സിനും 16-ാം മാസം പൂർത്തിയായാൽ രണ്ടാം ഡോസും നൽകണം. ഏതെങ്കിലും കാരണത്താൽ ഒരു ഡോസ് നഷ്ടപ്പെട്ട കുട്ടികൾക്ക് അഞ്ചുവയസുവരെ വാക്സിൻ സ്വീകരിക്കാം.
സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ എം.ആർ വാക്സിൻ സൗജന്യമായി ലഭ്യമാണ്. രോഗബാധ ഉയരുന്ന സാഹചര്യത്തിൽ വാക്സിനേഷൻ സംബന്ധിച്ച പ്രത്യേക ക്യാമ്പയിനുകളും ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.
കുട്ടികളിൽ കടുത്ത പനി, ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയ്ക്കൊപ്പം ശരീരത്തിൽ ചുവന്ന തിണർപ്പുകൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ ഉടൻ ആരോഗ്യപ്രവർത്തകരുടെ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. രോഗലക്ഷണങ്ങളുള്ള കുട്ടികളെ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുന്നതും രോഗവ്യാപനം കുറയ്ക്കാൻ സഹായിക്കും.