കോഴിക്കോട്: ഇരുവൃക്കകളും തകരാറിലായി ചികിത്സാ സഹായം തേടുന്ന യുവാവിൽ നിന്ന് പണം തട്ടിയെടുത്തു. കോഴിക്കോട് വെസ്റ്റിൽ സ്വദേശി പി കെ സുരാജിനാണ് പണം നഷ്ടമായത്.
ഗൾഫിലുള്ളവർ ചേർന്ന് അഞ്ചുലക്ഷം രൂപ സഹായധനം നൽകുമെന്ന് പറഞ്ഞാണ് സംഘം സുരാജിനെ കബളിപ്പിച്ചത്.
അഞ്ചുലക്ഷം കൈമാറാൻ എഗ്രിമെന്റ് എഴുതാൻ 2600 രൂപ വേണമെന്ന് പറഞ്ഞാണ് ആദ്യം പണം തട്ടിയത്. പിന്നീട് അക്കൗണ്ടിലേക്ക് പണം ചേർക്കാൻ 4300 രൂപയും ഒരു ലക്ഷത്തിന് 860 രൂപ വെച്ചും വേണമെന്ന് ആവശ്യപ്പെട്ടു.
വീട്ടിലേക്ക് വരാമെന്നും വാഹനത്തിന്റെ ഡീസൽ ചെലവിന് പണം തരണമെന്നും സംഘം ആവശ്യപ്പെട്ടതോടെ സുരാജിന് സംശയം തോന്നി. ഡീസലിന്റെ പൈസ ഇവിടെ വന്നിട്ടേ തരൂ എന്ന് സുരാജ് പറഞ്ഞതോടെ നാളെ വിളിക്കാമെന്ന് പറഞ്ഞ് സംഘം ഫോൺ കട്ട് ചെയ്യുകയായിരുന്നു.
ഡയാലിസിസിനായി പലരും സഹായമായി നൽകിയ പണമാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്.