ദുബൈ: മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ദുബൈയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കി പ്രമുഖ കമ്പനികൾ. ഫെബ്രുവരി 28-ന് ആരംഭിച്ച വ്യോമയാന തടസ്സങ്ങൾ ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിൽ, യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികളാണ് തങ്ങളുടെ സർവീസുകളിൽ വ്യാപക ക്രമീകരണങ്ങൾ വരുത്തിയിരിക്കുന്നത്.
അതിനാൽ, യാത്ര പുറപ്പെടുന്നതിന് മുൻപായി എയർലൈൻ വെബ്‌സൈറ്റുകളോ ആപ്പുകളോ പരിശോധിച്ച് കൃത്യത ഉറപ്പാക്കണമെന്ന് അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യോമാതിർത്തിയിലെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി ബ്രിട്ടീഷ് എയർവേയ്‌സ് ഒക്ടോബർ 25 വരെയും, എയർ കാനഡ സെപ്റ്റംബർ 7 വരെയും ദുബൈ-ടെൽ അവീവ് റൂട്ടുകളിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൂടാതെ ഈജിയൻ എയർലൈൻസ്, കാത്തി പസഫിക് എന്നിവർ ഓഗസ്റ്റ് 31 വരെയും, സിംഗപ്പൂർ എയർലൈൻസ് ഓഗസ്റ്റ് 2 വരെയും തങ്ങളുടെ ദുബൈ സർവീസുകൾ റദ്ദാക്കിയപ്പോൾ, എയർ ഫ്രാൻസ് ജൂൺ 17 വരെയാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
യൂറോപ്യൻ വിമാനക്കമ്പനികളാണ് തങ്ങളുടെ യാത്രാ ഷെഡ്യൂളുകളിൽ ഏറ്റവും വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ലുഫ്താൻസ ഗ്രൂപ്പിന് കീഴിലുള്ള സ്വിസ്, ഐടിഎ (ITA) എയർവേയ്‌സ് എന്നിവ സെപ്റ്റംബർ 13 വരെ ദുബൈ സർവീസുകൾ നിർത്തിവെച്ചപ്പോൾ, ലുഫ്താൻസ, ഓസ്ട്രിയൻ, ബ്രസ്സൽസ് എയർലൈൻസ് എന്നിവ അബുദബി, റിയാദ്, മസ്‌കത്ത്, അമ്മാൻ റൂട്ടുകളിലെ വിമാനങ്ങൾ ഒക്ടോബർ 24 വരെ റദ്ദാക്കിയിട്ടുണ്ട്. ഇതേ കാലയളവായ ഒക്ടോബർ 24 വരെ തന്നെയാണ് യൂറോവിംഗ്‌സും തങ്ങളുടെ സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. പ്രമുഖ എയർലൈനായ കെഎൽഎം (KLM) ഓഗസ്റ്റ് 2 വരെ ദുബായ് സർവീസുകൾ തടസ്സപ്പെടുത്തിയപ്പോൾ, ബജറ്റ് എയർലൈനായ വിസ് എയർ സെപ്റ്റംബർ പകുതി വരെ ദുബായ്, അബുദാബി സർവീസുകൾ നിർത്തിവെച്ചിരിക്കുന്നു.
ഈ താൽക്കാലിക പ്രതിസന്ധികൾക്ക് പുറമെ, പ്രമുഖ ബ്രിട്ടീഷ് വിമാനക്കമ്പനിയായ വിർജിൻ അറ്റ്ലാന്റിക് തങ്ങളുടെ ലണ്ടൻ - ദുബൈ സീസണൽ സർവീസുകൾ പൂർണ്ണമായി അവസാനിപ്പിക്കുന്നതായും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വരും മാസങ്ങളിൽ യാത്ര പ്ലാൻ ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുടെ വെബ്‌സൈറ്റുകളോ ആപ്പുകളോ പരിശോധിച്ച് ടിക്കറ്റ് വിവരങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.
വിലക്കുകൾക്കിടയിലും ചില വിമാനക്കമ്പനികൾ സുരക്ഷിതമായ ബദൽ പാതകളിലൂടെ സർവീസുകൾ പുനരാരംഭിക്കുന്നുണ്ട്. എയർ അസ്താന ജൂൺ 20 മുതൽ അൽമാറ്റിയിൽ നിന്നും ജൂലൈ 10 മുതൽ അസ്താനയിൽ നിന്നും ദുബൈയിലേക്ക് വീണ്ടും പറക്കും. ഇറാൻ വ്യോമാതിർത്തി ഒഴിവാക്കി പാകിസ്ഥാൻ വഴിയാണ് ഇവരുടെ പുതിയ വിമാന പാത ക്രമീകരിച്ചിരിക്കുന്നത്.
യാത്രക്കാർ ചെയ്യേണ്ടത് എന്ത്?
ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി എയർലൈനുകൾ ചില പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്:
സൗജന്യ റീബുക്കിംഗ്: ഒട്ടുമിക്ക എയർലൈനുകളും റീഇഷ്യൂ ചാർജുകളോ അധിക നിരക്കോ ഈടാക്കാതെ ടിക്കറ്റ് തീയതികൾ മാറ്റാൻ അവസരം നൽകുന്നുണ്ട്.
റീഫണ്ടും വൗച്ചറും: യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് മുഴുവൻ തുകയും റീഫണ്ടായോ അല്ലെങ്കിൽ ഭാവി യാത്രകൾക്കുള്ള ക്രെഡിറ്റ് വൗച്ചറുകളായോ ലഭിക്കും.
ടിക്കറ്റിന്റെ തരം, വാങ്ങിയ സ്ഥലം എന്നിവയ്ക്ക് അനുസൃതമായി നിബന്ധനകളിൽ മാറ്റമുണ്ടാകാം എന്നതിനാൽ യാത്രക്കാർ അതത് എയർലൈനുകളുടെ കസ്റ്റമർ കെയർ വഴിയോ വെബ്‌സൈറ്റ് വഴിയോ അടിയന്തരമായി ബന്ധപ്പെടേണ്ടതാണ്.