കോഴിക്കോട്: പന്തീരാങ്കാവ് നിന്ന് ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തിൽ രണ്ട് പേർ പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയും നഴ്സിംങ് വിദ്യാർത്ഥിനിയുമായ പി. സൂര്യ (23) എന്നിവരെയാണ് പിടിയിലായത്. അന്വേഷണ സംഘം നോയിഡയിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്.
മേയ് ഒൻപതിനാണ് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ട കാറിൽനിന്ന് ഒരു കിലോയോളം എംഎഡിഎംഎ പിടികൂടിയത്. മലപ്പുറം സ്വദേശികളായ പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് വീട്ടിൽ മുഹമ്മദ് അർശലാൽ (25), ചേലേമ്പ്ര മേലേതൊടി വീട്ടിൽ ആദിൽഷാ (20), ഐക്കരപ്പടി കുറിയേടം അമ്പായത്തിങ്ങൽ വീട്ടിൽ മുഹമ്മദ് ഫർഹാൻ (22) എന്നിവരിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തപ്പോൾ ഡൽഹിയിൽനിന്നാണ് ലഹരി മരുന്ന് കേരളത്തിൽ എത്തിക്കുന്നതെന്ന് വ്യക്തമായി. പൊലീസ് സംഘം ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ വച്ച് അജ്മലും സൂര്യയും പിടിയിലാകുന്നത്. ഇവരുടെ ഫ്ലാറ്റിൽ നിന്ന് ലഹരി മരുന്ന് പാക്ക് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ, പാക്കിങ് മെറ്റീരിയൽ, പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന 5000 ത്തിൽ അധികം സിപ് ലോക്ക് കവറുകൾ, കറൻസി നോട്ട് എണ്ണുന്ന മെഷീൻ, നിരവധി എടിഎം കാർഡുകൾ, പാക്കിങ് സീലർ എന്നിവ പിടിച്ചെടുത്തു.