പാലക്കാട്: കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് 62 വയസ്സുകാരി മരിച്ചു. പൊമ്പ്ര അമ്പലംപാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് ഇവര്‍ക്ക് പനി ബാധിച്ചത്.

പനി കൂടിയതിനെ തുടര്‍ന്ന് കരിമ്പുഴയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഫാറൂഖ് കോളേജ് സ്വദേശിയായ 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗവ്യാപനം തടയുന്നതിനായി സമ്പര്‍ക്കപ്പട്ടിക ശക്തമായി നിരീക്ഷിച്ചുവരികയാണ്.

ഇന്നലെ പരിശോധനയ്ക്കായി അയച്ച സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആയതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ 87 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇവരില്‍ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ആളുകള്‍ ഉള്‍പ്പെടുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഉറവിടം കണ്ടെത്തുന്നതിനായി കേന്ദ്ര ആരോഗ്യ സംഘവും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതരും കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എന്നാല്‍ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

രോഗനിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ജില്ലകളില്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു