തിരുവനന്തപുരം: പുനർമൂല്യനിർണയത്തിലൂടെ റാങ്കിൽ മാറ്റം വന്നതിനെ തുടർന്ന്, വിവാദമായ ആസൂത്രണ ബോർഡ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ ചീഫ് തസ്തികയിൽ ജോലി ചെയ്തുവരുന്ന അരുൺ ജെ. പ്രതാപിന്റെ നിയമന ശിപാർശ റദ്ദാക്കാൻ പി.എസ്.സി നീക്കം തുടങ്ങി.

നിയമന ശിപാർശ റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് പി.എസ്.സി നോട്ടീസ് അയച്ചു. ഇക്കാര്യം ആസൂത്രണ ബോർഡിനെയും ഔദ്യോഗികമായി അറിയിച്ചു.

പുതിയ റാങ്ക് ലിസ്റ്റ് പ്രകാരം ഒന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണന് ഉടൻ നിയമന ശിപാർശ നൽകും. 13ന് ഹൈക്കോടതിയിലെ കേസിൽ പി.എസ്.സി തൽസ്ഥിതി അറിയിക്കുകയും ചെയ്യും.

പുതിയ ലിസ്റ്റിൽ അരുൺ ജെ. പ്രതാപ് അഞ്ചാമനും പരാതിക്കാരനായ ശ്യാം കൃഷ്ണൻ ഒന്നാമനുമാണ്. പഴയ ലിസ്റ്റിൽ അരുൺ ഒന്നാം സ്ഥാനത്തും ശ്യാം മൂന്നാം സ്ഥാനത്തുമായിരുന്നു.

ആകെ 28 ചോദ്യങ്ങളിൽ 10 എണ്ണത്തിന്റെ (58 മാർക്കിന്റെ) ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് പഴയ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം നൽകിയത്. ഉത്തരക്കടലാസിന്റെ പകർപ്പ് എടുത്തു പരിശോധിച്ച ശ്യാം കൃഷ്ണന്റെ പരാതിയിലൂടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പുനർമൂല്യനിർണയത്തിൽ ശ്യാമിന് 59.50 + അഭിമുഖത്തിൽ 19 = 78.50 മാർക്ക് ലഭിച്ച് ഒന്നാമതായി. അരുണിന് 46.25 + 18 = 64.25 മാർക്ക് മാത്രം.

1,23,700 - 1,66,800 ശമ്പള സ്കെയിലുള്ള തസ്തികയാണിത്. നിയമനം നടന്ന് ഒരു വർഷം കഴിഞ്ഞതിനാൽ നേരിട്ട് റദ്ദാക്കാൻ നിയമതടസ്സമുണ്ടെന്നും സർക്കാർ ഇടപെടേണ്ടി വരുമെന്നും സൂചനയുണ്ട്.