കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. എന്നാൽ കാപ്പ ചുമത്തിയതിനാൽ ഇയാൾ ജയിലിൽ തന്നെ തുടരും.
അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടി പോലീസ് തുടങ്ങി. തലശ്ശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ നൽകും. ഇന്ന് തന്നെ കാപ്പ നോട്ടീസ് കൈമാറും.
കഴിഞ്ഞ ദിവസമാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശിപാർശ കളക്ടർ അംഗീകരിക്കുകയായിരുന്നു. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ് അർജുനെന്നും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.