തൃശൂർ: ഹോട്ടലിൽ ബിയർ കഴിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് മെഡിക്കൽ കോളജ് വിദ്യാർഥികളുടെ ആക്രമണം. തൃശൂരിലെ അൽമിയ റെസ്റ്റോറന്റിലാണ് സംഭവം.
കോളജ് വിദ്യാർഥികളുടെ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ ഹോട്ടൽ മാനേജർ അനീഷിന് പരിക്കേറ്റു. ഭക്ഷണത്തിനൊപ്പം ബിയർ കുടിക്കാൻ സമ്മതിക്കാത്തതിനെ തുടർന്നാണ് മാനേജറെ ആക്രമിച്ചത്.
തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർഥികളായ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ബിയറുമായി ഹോട്ടലിൽ എത്തിയത്. തുടർന്ന് മേശപ്പുറത്ത് ബിയർ കുപ്പികൾ തുറന്നുവെച്ച് കുടിക്കാൻ ശ്രമിച്ചപ്പോൾ മാനേജർ തടയുകയായിരുന്നു.
വിഷയം സംസാരിച്ച് ഒത്തുതീർപ്പാക്കി മടങ്ങിയ വിദ്യാർഥികൾ ഒരു മണിക്കൂറിന് ശേഷം എട്ടോളം പേരുമായെത്തി മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് മാനേജറെ പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിൽ ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.