ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ നിന്ന് കാർഡുകൾ നീക്കം ചെയ്ത സംഭവത്തിന് പിന്നിൽ സാങ്കേതിക തകരാറാണെന്ന് ആവർത്തിച്ച് മെറ്റ. പോലീസോ കോടതിയോ സർക്കാരോ ആവശ്യപ്പെട്ടത് പ്രകാരമല്ല കാർഡുകൾ നീക്കം ചെയ്തതെന്നും മെറ്റ വ്യക്തമാക്കി. സൈബർ പോലീസിന് മെറ്റ രേഖാമൂലം മറുപടി നൽകി.

മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത നടപടിയിൽ വീഴ്ച പറ്റിയതായി മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. എഐ സിസ്റ്റത്തിൽ വരുത്തിയ അപ്‌ഡേഷന്റെ ഭാഗമായുണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകൾ അപ്രത്യക്ഷമാകാൻ കാരണമെന്ന് മെറ്റ സംസ്ഥാന സൈബർ പോലീസിനെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

സർക്കാരിന്റെയോ മറ്റ് ഏജൻസികളുടെയോ സമ്മർദ്ദത്തിന്റെയോ ഇടപെടലിന്റെയോ ഭാഗമായല്ല പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

വാർത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്ന പോസ്റ്റുകൾ അകാരണമായി നീക്കം ചെയ്യപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാർ നിർദേശപ്രകാരമാണ് നീക്കം ചെയ്തതെന്ന ആരോപണവും ഉയർന്നിരുന്നു.

ഈ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളിയിരുന്നു. വിമർശനങ്ങൾ മുക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും, കാർഡുകൾ നിരന്തരം നീക്കം ചെയ്യപ്പെടുന്നതിന് പിന്നിലെ കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് സൈബർ പോലീസ് മെറ്റയോട് വിശദീകരണം തേടിയത്. പിന്നാലെ നീക്കം ചെയ്യപ്പെട്ട പോസ്റ്റുകൾ എല്ലാം പുനഃസ്ഥാപിച്ചിരുന്നു.