താമരശ്ശേരി: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ്‌വൺ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയർ വിദ്യാർത്ഥികളുടെ മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പ്ലസ്‌വൺ വിദ്യാർത്ഥികളായ മുഹമ്മദ് ആദിൽ കെ.കെ, റിഷാൻ, മുഹമ്മദ് അമീൻ വി.കെ എന്നിവർക്ക് മുഖത്ത് പരിക്കേറ്റു. താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെളളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

വെള്ളിയാഴ്ചയായിരുന്നു സ്കൂളിലെ ഓണാഘോഷ പരിപാടികള്‍. ഒരേ ഡ്രസ് കോഡിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് സീനിയർ വിദ്യാർത്ഥികൾ തടയുകയായിരുന്നുവെന്ന് പ്ലസ്‌വൺ വിദ്യാർത്ഥികൾ പറയുന്നു. തര്‍ക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ എന്തോ ആയുധമുപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്ന് പ്ലസ്‌വൺ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. താമരശ്ശേരി പോലീസ് വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് താമരശ്ശേരിയില്‍ സഹപാഠികളുടെ മര്‍ദ്ദനമേറ്റ് ഷഹബാസ് എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടമായത് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരുന്നു.