പേരാമ്പ്ര: പേരാമ്പ്ര എരവട്ടൂരില്‍ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ആവള എടക്കോത്ത് മീത്തല്‍ രാഘവന്‍ (51) ആണ് മരിച്ചത്. എരവട്ടൂര്‍ കയ്യേലി സ്റ്റോപ്പിന് സമീപം ഇന്നലെ രാത്രി 10 ഓടു കൂടിയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മകൾ അനാമിക നിസ്സാര പരിക്കുകളോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പേരാമ്പ്രയിലെ ഗ്രാന്‍ഡ്ഹൗസ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോഴായിരുന്നു അപകടം. ഇടിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ രാഘവന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. എന്നാല്‍ വാഹനം പോലീസ് ഇന്നലെ രാത്രി തന്നെ പിടികൂടി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.