കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ടു. മുക്കം കൂള പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫയാണ് കസ്റ്റഡിയിൽ നിന്നും ചാടി പോയത്. കേസ് അന്വേഷണത്തിനായി പ്രതിയെ രാജധാനി എക്സ്പ്രസ് ട്രെയിനില്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ ഗുജറാത്തിലെ വഡോദര സ്റ്റേഷന് സമീപത്തുവച്ചാണ് രക്ഷപെട്ടത്.

മുക്കത്തു നിന്നും 2.8 കിലോ ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. പ്രതിയോടൊപ്പം കോഴിക്കോട് ഡാൻസാഫ് സംഘത്തിലെ അംഗങ്ങളും മുക്കം പോലീസ് സ്റ്റേഷനിലെ പോലീസുകാരും ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരമാണ് പ്രതി രക്ഷപെട്ടത്.

പ്രതിയെ കാണാതായതോടെ റെയില്‍വേ പോലീസിനെയും ഗുജറാത്ത് പോലീസിനെയും വിവരമറിയിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അന്തർസംസ്ഥാന ലഹരി മാഫിയയെക്കുറിച്ചുള്ള അന്വേഷണത്തിനാണ് പ്രതിയെയും കൊണ്ട് പോലീസ് സംഘം ഡല്‍ഹിയിലേക്ക് തിരിച്ചത്.