തിരുവനന്തപുരം: പരീക്ഷാ ഫലങ്ങളിൽ ഗുരുതരമായ അപാകതകൾ ഉയർന്നതിനെ തുടർന്ന് കേരള സർവകലാശാല ചില പരീക്ഷാ ഫലങ്ങൾ പിൻവലിച്ചു. ഒന്ന്, നാല് സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങളാണ് പിൻവലിച്ചത്.

പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും വലിയ തോതിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് നിർണ്ണായക തീരുമാനമെടുത്തത്. ഇതിനുപുറമെ, പരീക്ഷാ നടത്തിപ്പിനായി ഉപയോഗിച്ചിരുന്ന ‘കെ-റീപ്പ്’ (K-REAP) സോഫ്റ്റ്‌വെയർ പൂർണ്ണമായി പിൻവലിക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.

പ്രൊഫൈൽ വഴി ഫലം ലഭ്യമാകാതിരിക്കുക, നിലവിലില്ലാത്ത വിഷയങ്ങളുടെ റിസൾട്ട് വരിക, ഇപ്രൂവ്മെന്റ് പരീക്ഷാ മാർക്കുകളിൽ തിരിമറി വരിക, വിജയിക്കാത്ത വിഷയങ്ങൾക്ക് പാസ് രേഖപ്പെടുത്തുക തുടങ്ങി ഗുരുതരമായ അപാകതകൾ K-REAP സോഫ്റ്റ്‌വെയർ വഴി പ്രഖ്യാപിച്ച ഫലങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് സിൻഡിക്കേറ്റിന്റെ തീരുമാനം.