ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവ്. പെട്രോൾ, ഡീസൽ വില ലിറ്ററിന് 3.04 രൂപ വീതമാണ് വർധിപ്പിച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് വിലവർധനവ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

കേരളത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് വർധിക്കുക. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 108.78 രൂപയും, ഡീസൽ ലിറ്ററിന് 97.67  രൂപയും ആയി വർദ്ധിച്ചു.

വില ഇനിയും വർധിച്ചേക്കുമെന്ന ആശങ്കയെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പെട്ടെന്നുണ്ടായ വർധനവിൽ ജനങ്ങൾ പരിഭ്രാന്തിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലും ഇന്ധനം നിറയ്ക്കാൻ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. പലയിടങ്ങളിലും സ്റ്റോക്ക് തീർന്നുവെന്ന ബോർഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വില വർധനവ് നടപ്പിലാക്കിയത് എന്നത് ശ്രദ്ധേയമാണ്. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതിച്ചെലവുമാണ് വില കൂട്ടാൻ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്. വരും ദിവസങ്ങളിലും ഇന്ധനവിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ആശങ്ക തുടരുകയാണ്.