ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ എണ്ണവില 100 ഡോളറിന് താഴെയെത്തി. ബ്രെന്റ് ക്രൂഡോയില്‍ 99 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 93 ഡോളറായും കുറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള ചര്‍ച്ചകള്‍ സജീവമായതാണ് വിലക്കുറവിനുള്ള പ്രധാന കാരണം.

ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥകള്‍ ഇന്ധന-ഗ്യാസ് ക്ഷാമം മൂലം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന വിലയിരുത്തലുകള്‍ പുറത്തുവരുന്നതിനിടെയാണ് ആശ്വാസമായി ഇന്ധനവിലയിലുണ്ടാവുന്ന കുറവ്. ഏഷ്യന്‍ രാജ്യങ്ങള്‍ അവരുടെ ഇന്ധനത്തിന്റെ 85 ശതമാനവും വാങ്ങുന്നത് പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഇറാന്‍ യുദ്ധം തുടങ്ങിയതോടെ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തത്. ഇത് ഏഷ്യന്‍ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകളുടെ വളര്‍ച്ചാനിരക്കിനെയടക്കം സ്വാധീനിച്ചിരുന്നു.

അതേസമയം, എണ്ണവില കുറഞ്ഞത് ഇന്ത്യക്കും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. നേരത്തെ രാജ്യത്ത് പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലാണെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചിരുന്നു. ഓരോ ലിറ്റര്‍ പെട്രോളും ഡീസലും വില്‍ക്കുമ്പോഴുണ്ടാവുന്ന നഷ്ടകണക്കുകള്‍ കമ്പനികള്‍ പുറത്തുവിട്ടു. ഒരു ലിറ്റര്‍ ഡീസല്‍14 രൂപ നഷ്ടത്തിലും പെട്രോള്‍ 18 രൂപ നഷ്ടത്തിലുമാണ് വില്‍ക്കുന്നതെന്നാണ് എണ്ണകമ്പനികളുടെ അവകാശവാദം.

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് പുറമേ പശ്ചിമേഷ്യന്‍ പ്രതിസന്ധി മൂലം എല്‍.പി.ജി വിലയിലുണ്ടായ ചാഞ്ചാട്ടങ്ങള്‍ മൂലം 80,000 കോടിയുടെ നഷ്ടം ഉണ്ടാവുന്നുണ്ടെന്നാണ് എണ്ണ കമ്പനികളുടെ അവകാശവാദം.

എന്നാല്‍, നിലവിലെ എണ്ണയുടെ രാജ്യാന്തര വിപണിയിലെ വിലയും ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലുകളും പുറത്ത് വരുന്നുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധത്തിന് മുമ്പ് 70 മുതല്‍ 72 ഡോളറിലായിരുന്നു എണ്ണയുടെ വ്യാപാരം നടന്നിരുന്നത്. നിലവില്‍ സമീപകാലത്തൊന്നും അത്തരമൊരു വിലക്കുറവ് എണ്ണക്ക് ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് പ്രവചനങ്ങള്‍.