ബാലുശ്ശേരി: പനങ്ങാട് ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. കിനാലൂർ കൈതച്ചാലിൽ കാപ്പിയിൽ ഭാസ്കരന്റെ വീടാണ് തകർന്നത്.
വീട്ടിലുണ്ടായിരുന്ന ഭാസ്കരനും ഭാര്യ പ്രേമയ്ക്കും പരിക്കേറ്റു. തൊഴിലുറപ്പിന് പോയ പ്രേമ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വന്ന സമയത്താണ് അപകടം.
വീടിന്റെ പിൻവശത്തെ പ്ലാവും കവുങ്ങും കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഭാസ്കരനെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രേമയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.