മലപ്പുറം: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ള കുടുംബത്തെ വഴിയിൽ തടഞ്ഞ് ആക്രമിക്കുകയും തടയാൻ എത്തിയ ആളെ മർദ്ദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഏഴൂർ സ്വദേശി പൊട്ടച്ചോലപ്പടി അജിത്ത് (30) ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്.
തിരൂർ വിഷുപ്പാടത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ പ്രതി ആക്രമിച്ചതായാണ് പരാതി. ആക്രമണം തടയാൻ ശ്രമിച്ചയാളെ മാരകമായി മർദ്ദിക്കുകയും ബൈക്ക് തകർക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു.
ഇയാളുടെ പേരിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. രാത്രികാലങ്ങളിൽ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ മുന്നിലേക്ക് ചാടിവീണ് തടസ്സമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്യാറുണ്ടെന്ന് നാട്ടുകാരും ആരോപിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്നും നാട്ടുകാർ പൊലീസിനെ അറിയിച്ചു.
തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി.