വടകര: എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുന്ന ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിനെ പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വീണ്ടും റിമാൻഡ് ചെയ്തു. എം.ഡി.എം.എ ഇടപാടിനായി പണം അയച്ചുനൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പയ്യോളി പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ഇക്കഴിഞ്ഞ മെയ് 20-നാണ് മണിയൂർ തുറശ്ശേരിക്കടവ് സ്വദേശി തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെ 13.56 ഗ്രാം എം.ഡി.എം.എയുമായി പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ജിജിൽ കുര്യാക്കോസിന് പങ്കുള്ളതായി പൊലീസ് കണ്ടെത്തിയത്.
എം.ഡി.എം.എ ഇടപാടിനായി മുഹമ്മദ് ഇർഫാന് ജിജിൽ കുര്യാക്കോസ് പണം അയച്ചുനൽകിയതായാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ കേസിൽ പ്രതി ചേർക്കുകയായിരുന്നു.
നിലവിൽ അധ്യാപികമാരുൾപ്പെട്ട എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ജിജിലിനെ പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി വടകര എൻ.ഡി.പി.എസ് കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി അനുമതി നൽകിയതിനെ തുടർന്ന് ഇന്നലെ പ്രതിയുടെ മുൻകൂർ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.
തുടർന്ന് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നതിനായി വടകര എൻ.ഡി.പി.എസ് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കോടതിയിൽ ഹാജരാക്കിയ ജിജിൽ കുര്യാക്കോസിനെ റിമാൻഡ് ചെയ്തു.
കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിവരങ്ങളും കേസിലെ മറ്റ് ബന്ധങ്ങളും ചോദ്യം ചെയ്യലിലൂടെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.