പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി.

പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല്‍ വാദം കേട്ടശേഷം വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

മറ്റുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.



2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെ(56)യും മാതാവ് ലക്ഷ്മി(75)യെയും വെട്ടി കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചെന്താമരയ്ക്ക് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. കൃത്യം നടന്ന് ഒന്നരവര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. പ്രതി ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പോത്തുണ്ടി ബോയന്‍ നഗറിലെ കുടുംബങ്ങളുടെ ആവശ്യം. ചെന്താമരയോട് നീതിപീഠം ദയ കാണിക്കരുതെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.



നിരവധി കുടുംബങ്ങള്‍ ചെന്താമരയെ ഭയന്ന് ജനിച്ച നാടും വീടും വിട്ട് അന്യനാട്ടിലേക്ക് താമസം മാറിയിട്ടുണ്ട്. ചെന്താമരയ്ക്ക് തക്കതായ ശിക്ഷ ലഭിച്ച ശേഷമേ തങ്ങള്‍ നാട്ടിലേക്ക് തിരിച്ചെത്തൂ എന്നാണ് ഇവര്‍ പറയുന്നത്. വിധിപ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയിരുന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞിരുന്നു. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.

2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. സംശയവും, കടുത്ത മദ്യപാനവും കാരണമാണ് ഭാര്യയും മകളുമടങ്ങുന്ന കുടുംബം ചെന്താമരയെ ഉപേക്ഷിച്ചുപോയത്. ഇതിന്റെ വൈരാഗ്യത്തിലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. ഭാര്യയും മക്കളും പിണങ്ങിപ്പോകാന്‍ കാരണം ഇവരാണെന്നായിരുന്നു പ്രതിയുടെ ആരോപണം. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു.