കുറ്റ്യാടി: തുണി അലക്കുന്നതിനിടെ പുഴയിൽ വീണ അഞ്ചു വയസ്സുകാരിയായ മകളെ രക്ഷിക്കാൻ ശ്രമിക്കവെ ഒഴുക്കിൽപ്പെട്ട അമ്മ മരിച്ചു. കുറ്റ്യാടി കൈവേലി സ്വദേശി തൊട്ടത്തിൽക്കണ്ടി സുധീഷിന്റെ ഭാര്യ രമ്യ (35) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട മകൾക്കായി പുഴയിൽ ഊർജിത തിരച്ചിൽ തുടരുകയാണ്.

ഇന്ന് വൈകുന്നേരത്തോടെ കുറ്റ്യാടി പേരാമ്പ്ര പാലേരി ഭാഗത്തെ പുഴയിലാണ് ദാരുണമായ അപകടം നടന്നത്. തുണി അലക്കാനായി പുഴക്കരയിൽ എത്തിയതായിരുന്നു രമ്യയും മകളും. ഇതിനിടെ കുട്ടി കാൽവഴുതി പുഴയിലേക്ക് വീണു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യയും കാൽവഴുതി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

അപകടം കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി രമ്യയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാണാതായ അഞ്ചു വയസ്സുകാരിക്ക് വേണ്ടി പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.