കൊല്ലം: കുണ്ടറ പൊലിസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സി.പി.ഒ ശ്രീജിത്തിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കൊല്ലം ജില്ലാ പൊലിസ് മേധാവിയുടേതാണ് നടപടി. ഗുരുതരമായ അച്ചടക്കലംഘനവും ക്രമക്കേടുകളും നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലിസ് ഉദ്യോഗസ്ഥർക്കും മെമ്മോ നൽകാനും നിർദ്ദേശമുണ്ട്.

കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് (39) ആണ് പൊലിസ് കസ്റ്റഡിയിൽ നിന്ന് മോചിതനായതിന് പിന്നാലെ മരണപ്പെട്ടത്. അയൽവാസിയായ 13-കാരനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 16-ന് രാത്രിയിലാണ് സിയാദിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്.

ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ച് കസ്റ്റഡിയിലെടുത്ത സിയാദിനെ വിട്ടുകിട്ടാനായി കുടുംബം പിറ്റേന്ന് പുലർച്ചെ വരെ പൊലിസ് സ്റ്റേഷനിൽ കാത്തിരുന്നെങ്കിലും മോചിപ്പിച്ചിരുന്നില്ല. തുടർന്ന്, കാണാതായ കുട്ടി പിറ്റേന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് സിയാദിനെ പൊലിസ് വിട്ടയച്ചത്.