ഷൊർണൂർ: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർച്ച നടത്തിവരുന്ന സിനിമാ പ്രൊഡ്യൂസർ പിടിയിൽ. മണ്ണാർക്കാട് കരിമ്പ ആറോണി വീട്ടിൽ കാജാ ഹുസൈൻ (46) ആണ് പോലീസിന്റെ പിടിയിലായത്. ഇയാൾ ഇപ്പോൾ കോങ്ങാട് വാടകവീട്ടിലാണ് താമസം.
കോയമ്പത്തൂർ കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്സിലെ യാത്രക്കാരി മണ്ണാർക്കാട് സ്വദേശിയായ യുവതിയുടെ 85000 രൂപയുടെ സാംസങ്ങ് മൊബൈൽ ഫോൺ കവർന്ന കേസിലാണ് അറസ്റ്റ്. നിരന്തരം തീവണ്ടിയിൽ യാത്രചെയ്ത്, യാത്രക്കാരുടെ മൊബൈലുകളും ലാപ്ടോപ്പുകളും കവരുന്നതാണ് ഇയാളുടെ രീതി.
കാജാ ഹുസൈൻ 80-ഓളം സിനിമകളിൽ പിന്നണി പ്രവർത്തകനായിരുന്നു എന്ന് പോലീസ് പറയുന്നു. 2024-ൽ പുറത്തിറങ്ങിയ കള്ളൻമാരുടെ വീട് എന്ന സിനിമ നിർമിച്ചിരിക്കുന്നത് കാജാ ഹുസൈനാണ്.
ഷൊർണൂർ റെയിൽവേ പോലീസ് രജിസ്റ്റർചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് ഭാഗത്ത് നടന്ന കവർച്ചകളിലെയും തൊണ്ടിമുതലുകളായ അഞ്ച് ലാപ്ടോപ്പുകളും മൊബൈൽ ഫോണും പോലീസ് കണ്ടെത്തി