മൂടാടി: നന്തിബസാറിലെ പഴയ ടോൾബൂത്തിന് സമീപം നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിക്കോടി വടക്കേട്ടിൽ സജീർ (45) ആണ് മരിച്ചത്.

ഇന്നലെ രാത്രി 9.30ഓടെയായിരുന്നു അപകടം. ടാങ്കർ ലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സജീറിനെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സജീറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.