കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കണ്ട് മടങ്ങവെ ബൈക്ക് അപകടത്തിൽ 19-കാരന് ദാരുണാന്ത്യം. വായാട്ടുപറമ്പ് ജങ്ഷനിലെ സുരേഷ്-സ്മിത ദമ്പതികളുടെ മകൻ അഭിനവ് സുരേഷ് (19) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 7.30 ഓടെ പരിയാരം അമ്മാനപ്പാറ ചുടല-മാതമംഗലം റോഡിലെ മുടിക്കാനം ജങ്ഷനിലാണ് അപകടം. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അമ്മയെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭിനവ്.

മുന്നിൽ പോയ ചെങ്കൽ ലോറിയിൽ ബൈക്ക് ഇടിച്ച് തെറിച്ചുവീണ അഭിനവ് എതിർദിശയിൽ വന്ന മണൽ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. ശരീരത്തിലൂടെ ലോറി കയറിയിറങ്ങി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പരിയാരം പൊലീസ് കേസെടുത്തു.