ഇടുക്കി: ഇടുക്കിയില്‍ എച്ച്1 എന്‍1 ബാധിച്ച് 82 കാരി മരിച്ചു. ഇടുക്കി കൊച്ചുകരിമ്പന്‍ സ്വദേശി മറിയാമ്മ ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ മാസം 30നാണ് ഇവര്‍ക്ക് പനി ബാധിച്ച് ചികിത്സ തേടിയത്. 

2009 മുതല്‍ ലോകമെമ്പാടും പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എച്ച്1 എന്‍1, സൈ്വന്‍ ഫ്‌ളൂ അല്ലെങ്കില്‍ പന്നിപ്പനി എന്നറിയപ്പെടുന്നു. RNA വൈറസുകളുടെ കുടുംബത്തില്‍പ്പെട്ട ഈ ഇന്‍ഫ്‌ളുവന്‍സ വൈറസ് പന്നികളിലും മറ്റു ജീവികളിലും വേഗത്തില്‍ പടരുന്നു. മനുഷ്യരില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഈ വൈറസ് വായുവിലൂടെയാണ് പ്രധാനമായും പകരുന്നത്.

രോഗബാധിതനായ വ്യക്തിയുടെ തുമ്മലിലൂടെയോ ചുമയിലൂടെയോ പുറന്തള്ളപ്പെടുന്ന ശ്വാസകോശ സ്രവങ്ങളാണ് വൈറസിന്റെ വ്യാപനത്തിന് കാരണം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പുതന്നെ, രോഗിയില്‍ നിന്ന് 2 മുതല്‍ 7 ദിവസം വരെ വൈറസ് മറ്റുള്ളവരിലേക്ക് പകരാം. ഈ സാഹചര്യത്തില്‍, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക തുടങ്ങിയ മുന്‍കരുതലുകള്‍ അത്യന്താപേക്ഷിതമാണ്.