തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. ദേശീയ തലത്തിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും കൽക്കരി ക്ഷാമം രൂക്ഷമായി തുടരുന്നതുമാണ് കാരണം. പീക്ക് സമയത്തെ ആവശ്യകതയിൽ ഇന്നലെ നേരിയ കുറവുണ്ടായെങ്കിലും ലോഡ് റെഗുലേഷൻ ഒഴിവാക്കാനാവില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.
ഹിമാചൽ പ്രദേശിൽ നിന്ന് അധിക വൈദ്യുതി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചത് പ്രതീക്ഷിച്ചതിലും കുറവാണ്. സെപ്റ്റംബർ 15 ഓടെ കൽക്കരി പ്രതിസന്ധി തീരുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെങ്കിലും പൂർണ പരിഹാരമായിട്ടില്ല. ഇത് താപനിലയങ്ങളുടെ ഉത്പാദനത്തെയും ബാധിച്ചു. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട 1600 മെഗാവാട്ടിലും കുറവ് വന്നിട്ടുണ്ട്.
ഇതിനിടെ ഇന്നലെ സംസ്ഥാനത്തെ പീക്ക് ഡിമാൻഡ് 4564 മെഗാവാട്ട് ആയിരുന്നു. ആകെ ഉപയോഗം 94.08 ദശലക്ഷം യൂണിറ്റും.