കൊച്ചി: ഫോൺ കോളിലൂടെ വീണ്ടും വൻ സൈബർ തട്ടിപ്പ്. വെറുമൊരു ഫോൺ കോൾ അറ്റൻഡ് ചെയ്തിന് പിന്നാലെ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് മൂന്ന് ലക്ഷം രൂപ. മരട് സ്വദേശിയായ മാർട്ടിൻ മാനുവൽ എന്ന സ്കൂൾ ബസ് ഡ്രൈവറാണ് സൈബർ തട്ടിപ്പുകാരുടെ ഏറ്റവും പുതിയ ഇരയായത്. വായ്‌പയെടുത്ത പണം കൊണ്ട് സ്വന്തമായൊരു വാഹനം വാങ്ങാനായി യാത്ര ചെയ്യുന്നതിനിടെയാണ് മാർട്ടിന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.
ഒരു ഇന്നോവ കാർ വാങ്ങുക എന്ന ലക്ഷ്യത്തോടെയാണ് മാർട്ടിൻ ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. ഇതിനായി ബാങ്കിൽ നിന്നും വായ്പയെടുത്ത തുകയായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് മാർട്ടിന്റെ മൊബൈൽ ഫോണിലേക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്നും കോൾ വരുന്നത്. യാതൊരു സംശയവും തോന്നാതെ ആ കോൾ അറ്റൻഡ് ചെയ്തതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. ഫോൺ കോൾ അറ്റൻഡ് ചെയ്ത് അധികം വൈകാതെ തന്നെ ഒടിപി വരുകയും പിന്നീട് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നു. അക്കൗണ്ടിലുണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപയാണ് തട്ടിപ്പുകാർ കവർന്നത്. ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെട്ടതായി ഫോണിൽ തുടർച്ചയായി മെസേജ് വന്നപ്പോഴാണ് താൻ വലിയൊരു ചതിക്കുഴിയിലാണ് വീണതെന്ന് മാർട്ടിൻ തിരിച്ചറിയുന്നത്. സാധാരണക്കാരനായ ഒരു സ്കൂൾ ബസ് ഡ്രൈവർ ഏറെ കഷ്‌ടപ്പെട്ട് ബാങ്കിൽ നിന്നും ലോൺ എടുത്ത് സ്വരൂപിച്ച പണമാണ് നിമിഷനേരം കൊണ്ട് നഷ്ടമായത്.
യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവം മാർട്ടിനെ കടുത്ത മാനസിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താനും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനും സൈബർ സെല്ലിനെയും പൊലീസിനെയും സമീപിച്ചിരിക്കുകയാണ് അദ്ദേഹം.