മേപ്പാടി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ എക്സൈസ് വകുപ്പ് നടത്തിവരുന്ന ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിലായി. മൂപ്പൈനാട് വില്ലേജിൽ മേപ്പാടി തിനപുരം പിലാക്കൽ വീട്ടിൽ അബൂബക്കറിന്റെ മകൻ സിറാജ് വി.കെ. (43) ആണ് എക്സൈസിന്റെ സംയുക്ത സംഘത്തിന്റെ വലയിലായത്.

വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും ചേർന്ന് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ എം.കെ.യുടെ നേതൃത്വത്തിൽ ഇന്ന് (04/10/2026) പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.

മേപ്പാടി തിനപുരം ടൗണിൽ വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന 'KL 13 P 1049' നമ്പർ മഹീന്ദ്ര ജീപ്പിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 1.858 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുൻപും നിരവധി ലഹരിക്കേസുകളിൽ ഉൾപ്പെട്ട പ്രതികളെ കേന്ദ്രീകരിച്ച് എക്സൈസും പോലീസും നടത്തിവരുന്ന രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് സിറാജ് പിടിയിലാവുന്നത്. പത്ത് വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണിത്. പ്രതിയെ കൽപ്പറ്റ ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പരിശോധന സംഘത്തിൽ എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ അനീഷ് എ.എസ്., നാർക്കോട്ടിക് സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ രഘു വി., ഗ്രേഡ് പ്രിവന്റീവ് ഓഫീസർ രഘു എം.എ., സിവിൽ എക്സൈസ് ഓഫീസർ സുരേഷ് എം., വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യഭായ് ടി.പി., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ പ്രസാദ് കെ., മുനീർ ജെ. എന്നിവരും പങ്കെടുത്തു.