കോഴിക്കോട്: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് സമയോചിത ഇടപെടലിലൂടെ ജീവൻ രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസിലെ ജീവനക്കാരാണ് രക്ഷകരായത്.

യാത്രയ്ക്കിടെ യാത്രക്കാരന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സ്ഥിതിയുടെ ഗൗരവം മനസിലാക്കിയ ജീവനക്കാർ ഉടൻ തന്നെ ഇയാളെ കോഴിക്കോട്ടെ ഫാത്തിമ ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിലെത്തിച്ച ഉടൻ ഡോ. അശോകന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഹൃദ്രോഗമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ചികിത്സ ആരംഭിക്കുകയും ആൻജിയോപ്ലാസ്റ്റി നടത്തുകയും ചെയ്തു. സമയോചിതമായി ആശുപത്രിയിലെത്തിച്ചതാണ് ജീവൻ രക്ഷിക്കാൻ നിർണായകമായത്.

യാത്രക്കാരന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകിയ ബസ് ജീവനക്കാരുടെ നടപടിയെ ആശുപത്രി അധികൃതരും യാത്രക്കാരും അഭിനന്ദിച്ചു.