തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭാ പരിധിയിൽ വിവാഹ പാർടികളിലും മറ്റും വെല്‍ക്കം ഡ്രിങ്ക് വിതരണം ചെയ്യുന്നത് നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നടപടി. ഷിഗല്ല പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവയുടെ ഹെൽത്ത് കാർഡ് പരിശോധന കർശനമാക്കാനും കുടിവെള്ള പരിശോധന റിപ്പോർട്ടുണ്ടെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു. ഹോട്ടലുകളിലും കൂൾബാറുകളിലും ജോലിചെയ്യുന്നവരും ആഹാര പദാർഥങ്ങൾ കൈകാര്യംചെയ്യുന്നവരും മല മൂത്ര വിസർജനത്തിനുശേഷം കൈകൾ സോപ്പിട്ട് കഴുകുന്നതിനും ഭക്ഷണത്തിനുമുമ്പ് കൈകൾ സോപ്പിട്ട് കഴുകുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം.
നഗരസഭാ പരിധിയിലെ മുഴുവൻ കിണറുകളും ആശാ വർക്കര്‍മാരെ ഉപയോഗിച്ച് ക്ലോറിനേഷൻ ചെയ്യും. അങ്കണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ കുടിവെള്ളം പരിശോധനയ്ക്കക്കും. വാർഡുതലത്തിൽ നോട്ടീസ് അടിച്ച് ആശാ വർക്കർമാരെ ഉപയോഗിച്ച് വിതരണംചെയ്യും. നഗരസഭാ പരിധിയിൽ അനൗണ്‍സ്മെന്റ് സംഘടിപ്പിക്കും. ആരോഗ്യ വിഭാഗത്തിന്റെ പരിശോധന കർശനമാക്കുന്നതിനും ആക്രിക്കടയോട് ചേർന്ന് കണ്ടെയ്നറുകൾ തുറസ്സായ സ്ഥലത്ത് നിക്ഷേപിക്കുന്നത് കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ദിനംപ്രതി നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭാ വൈസ് ചെയർമാൻ എം അബ്ദുറഹിമാൻകുട്ടി അധ്യക്ഷനായി