കൊച്ചി: ഷട്ടിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞൂർ കാഞ്ഞിലാൻ വീട്ടിൽ അജയൻ (48) ആണ് മരിച്ചത്.

ശനിയാഴ്ച അതിരാവിലെ കാഞ്ഞൂരിലെ ഷട്ടിൽ കോർട്ടിൽ വച്ചായിരുന്നു സംഭവം. കളി പൂർത്തിയാക്കിയ ശേഷം വിശ്രമിക്കാനായി കസേരയിൽ ഇരിക്കുമ്പോൾ അജയന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രദേശത്തെ നിരവധി കുട്ടികൾക്ക് ദീർഘകാലമായി കരാട്ടെ പരിശീലനം നൽകിവന്നിരുന്ന വ്യക്തിയാണ് അജയൻ. വിവിധ സ്കൂളുകളിലെ കായിക പരിശീലകനായും പ്രവർത്തിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും വിദ്യാർത്ഥികളെയും വലിയ ദുഃഖത്തിലാഴ്ത്തി.

ഭാര്യ: മിനി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കിടങ്ങൂർ എസ്എൻഡിപി ശ്മശാനത്തിൽ നടന്നു.