പറവൂര്‍: നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി. ലിമിറ്റഡ് സ്റ്റോപ്പ് സ്റ്റാന്‍ഡിന് സമീപത്തെ 'ചായപീടിക' ഹോട്ടലില്‍ നിന്ന് പറയകാട് സ്വദേശി അഖില്‍ കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈനായി മുട്ടക്കറി ഓര്‍ഡര്‍ ചെയ്തത്.
വിതരണക്കാരന്‍ എത്തിച്ച മുട്ടക്കറി വീട്ടിലുള്ള കുട്ടികള്‍ ഉള്‍പ്പെടെ കഴിച്ചു തുടങ്ങിയതിന് ശേഷമാണ് കറിയില്‍ വെന്ത നിലയില്‍ ഒച്ചിനെ കണ്ടെത്തിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഹോട്ടലിന്റെ ബില്ലും കറിയുടെ ചിത്രവും സഹിതം അഖില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നല്‍കി. ഭക്ഷണം കഴിച്ച സാഹചര്യത്തില്‍ വീട്ടുകാര്‍ ആവശ്യമായ പ്രതിരോധ നടപടികളും സ്വീകരിച്ചു.
സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനയില്‍ ശുചിത്വമില്ലാത്ത സാഹചര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയതായി ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജോബി പഞ്ഞിക്കാരന്‍ അറിയിച്ചു. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.