തലശ്ശേരി: ഷുഹൈബ് വധക്കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ തന്നെ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.

എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2026 മേയിലായിരുന്നു കേസിന്റെ വിചാരണ ആരംഭിച്ചത്. എന്നാൽ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയോട് നിസ്സഹകരണം തുടരുകയും ഹാജരാകാതിരിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂട്ടറും വിചാരണ വേളയിൽ ഹാജരാകാതിരുന്നിരുന്നു.

വിചാരണക്കോടതി പക്ഷം ചേർന്ന് ഇടപെടുന്നുവെന്നായിരുന്നു പ്രതികളുടെ പ്രധാന പരാതി. ഇത് ചൂണ്ടിക്കാട്ടി വിചാരണക്കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിചാരണ വേളയിൽ ഹാജരാകാതിരുന്നതിനാൽ തലശ്ശേരി കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. എന്നാൽ ഈ നടപടിക്ക് ഹൈക്കോടതി സ്റ്റേ നൽകി. തുടർന്നാണ് വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ വീണ്ടും ഹരജി നൽകിയത്. ഹരജിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. വിചാരണവേളയിൽ ജഡ്ജി പക്ഷം ചേർന്ന് വാദം കേട്ടിട്ടില്ലെന്നും അതിന് തെളിവുകൾ ഹാജരാക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരിശോധിച്ചാണ് ഹരജി തള്ളിയത്.