തിരൂർ: അധ്യാപക യോഗ്യത അളയ്ക്കുന്ന കെ-ടെറ്റ് ഫെബ്രുവരി 2026 പരീക്ഷയിൽ വിജയിച്ച സർക്കാർ, നിയമനാംഗീകാരം ലഭിച്ച എയ്ഡഡ് സ്കൂൾ അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് അധ്യാപകർ നേരിട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിൽ എത്തേണ്ടതില്ലെന്ന് പരീക്ഷാ കമ്മിഷണർ അറിയിച്ചു.
ഓഗസ്റ്റ് 8, 9 തീയതികളിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ പ്രമാണപരിശോധന സംബന്ധിച്ച് നേരത്തെ നൽകിയ നിർദേശത്തിലാണ് മാറ്റം വരുത്തിയത്. പല ഘട്ടങ്ങളിലും അധ്യാപകർ നേരിട്ട് വിദ്യാഭ്യാസ ഓഫിസുകളിൽ എത്തി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്താൻ സ്കൂളുകളിൽ നിന്ന് അവധിയെടുക്കേണ്ട സ്ഥിതിയാണുള്ളത്. ഇത് കുട്ടികളുടെ അധ്യയനത്തെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് പുതിയ ക്രമീകരണം.
ഹാൾടിക്കറ്റ്, സർവിസ് ബുക്കിലെ ബന്ധപ്പെട്ട പേജുകൾ എന്നിവ പ്രഥമാധ്യാപകർ സാക്ഷ്യപ്പെടുത്തി പ്രഥമാധ്യാപകൻ നിയോഗിക്കുന്ന ജീവനക്കാർ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിൽ നേരിട്ട് എത്തിച്ച് പരിശോധന പൂർത്തിയാക്കാം. സർവിസ് ബുക്കിലെ ബന്ധപ്പെട്ട പേജുകളിൽ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രഥമാധ്യാപകർ ഉറപ്പാക്കണം.
അതേസമയം, ജോലി ചെയ്യുന്ന വിദ്യാഭ്യാസ ജില്ലയിൽ നിന്ന് മാറി മറ്റൊരു വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ അധ്യാപകർ ഹാൾടിക്കറ്റ്, സർവിസ് ബുക്കിലെ ബന്ധപ്പെട്ട പേജ് എന്നിവ സഹിതം പരീക്ഷ എഴുതിയ ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിലാണ് വെരിഫിക്കേഷൻ നടത്തേണ്ടത്. കൂടാതെ, നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന നിലവിലുള്ള സാധാരണ നടപടിക്രമങ്ങൾ പാലിച്ച് പ്രത്യേകം നടത്തണം.
ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ, പ്രൈമറി, ഹൈസ്കൂൾ പ്രഥമാധ്യാപകർ എന്നിവർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകാനും വെരിഫിക്കേഷൻ ഷെഡ്യൂൾ പത്രമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും പരീക്ഷാ കമ്മിഷണർ നിർദേശിച്ചു.