കോഴിക്കോട്: ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്ന് കോഴിക്കോട് നഗരത്തിലെ പ്രമുഖ മൾട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളിൽ വിവിധ വകുപ്പുകൾ സംയുക്തമായി മിന്നൽ പരിശോധന നടത്തി. ഭക്ഷ്യ-സിവിൽ സപ്ലൈസ്-ലീഗൽ മെട്രോളജി വകുപ്പ് മന്ത്രിയുടെയും ലീഗൽ മെട്രോളജി കൺട്രോളറുടെയും നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ തിയറ്ററുകളിലെ കഫേകളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഴ്ചകൾ കണ്ടെത്തി. സ്റ്റോർ റൂമുകളിൽ ഭക്ഷ്യവസ്തുക്കൾ നിർദേശിച്ച താപനിലയിൽ സൂക്ഷിക്കാത്തത്, വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തത്, സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തത് തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. അതേസമയം, ലീഗൽ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയിൽ അളവ്-തൂക്ക ഉപകരണങ്ങളിൽ നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ല.
തിയറ്ററുകളിൽ കൃത്യമായ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നും സിനിമ കാണാനെത്തുന്നവർക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കണമെന്നും സിവിൽ സപ്ലൈസ് അധികൃതർ നിർദേശം നൽകി.
ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ എം.എം. പ്രജുല, കോഴിക്കോട് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ കെ.കെ. നാസർ, ബിനു ബാലക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിൽ പങ്കെടുത്തു.