കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് വ്യാഴാഴ്ച തുടക്കമാകും. മൂന്നാം സീസണിൻ്റെ ഔദ്യോഗിക ടീം ലോഞ്ച് തിരുവനന്തപുരം കോവളത്ത് നടന്നു. ആറ് ടീമുകളിലായി നൂറോളം താരങ്ങളാണ് ഇക്കുറി കെ സി എൽ ലീഗിൽ അണിനിരക്കുന്നത്. പതിനേഴ് ദിവസം നീണ്ടു നിൽക്കുന്ന ലീഗ് സെപ്തംബർ അഞ്ചിനാണ് സമാപിക്കുക.

ആറ് ഫ്രാഞ്ചൈസികളിലായി നൂറോളം താരങ്ങൾ കളത്തിലിറങ്ങുന്ന ലീഗിന് ഇക്കുറിയും വലിയ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. വലിയ മാറ്റങ്ങളോടെയാണ് ഓരോ ടീമും ഇക്കുറി മത്സരത്തിനിറങ്ങുന്നത്. കോവളം ലീല റാവിസിൽ നടന്ന ചടങ്ങിൽ ഫ്രാഞ്ചൈസികൾ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. കെ സി എൽ ലീഗ് ഐക്കൺ ഇന്ത്യൻ താരം സഞ്ചു സാംസൺ ആശംസകളുമായി ടീം ലോഞ്ച് ചടങ്ങിൻ്റെ ഭാഗമായി.കെ സി എൽ നിലവാരമുള്ള ലീഗെന്നും കഴിഞ്ഞ സീസണിൽ നന്നായി കളിക്കാനായെന്നും സഞ്ചു സാംസൺ പറഞ്ഞു.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ആറ് ടീമുകളാണ് ഏറ്റുമുട്ടുന്നത്.