റിയാദ്: റിയാദ് നഗരത്തെ ലക്ഷ്യമാക്കി ഭീകര സംഘടനയായ ഹൂതി മിലിഷ്യ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ റോയൽ സൗദി എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിക്കുകയും തകർക്കുകയും ചെയ്തതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

80 ലക്ഷത്തിലധികം പൗരന്മാരും വിദേശികളും വസിക്കുന്ന തലസ്ഥാന നഗരമായ റിയാദിലെ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതി മിലിഷ്യകൾ നടത്തുന്ന തുടർച്ചയായ ആക്രമണശ്രമങ്ങൾ അവരുടെ ഭീകരതയും ശത്രുതാപരമായ നിലപാടുമാണ് വ്യക്തമാക്കുന്നതെന്ന് അൽ മാലികി സ്ഥിരീകരിച്ചു.

ഇതിനുപുറമേ ബീഷ്, ത്വാഇഫ്, ഫർസാൻ, യാംബു എന്നീ നഗരങ്ങളിലെ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണശ്രമങ്ങളും വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൂതി മിലിഷ്യകളുടെ ഭീകരപ്രവർത്തനങ്ങളെ ചെറുക്കുന്നതിനായി അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായി ഉചിതമായ നടപടികൾ സ്വീകരിക്കാൻ സഖ്യസേനാ നേതൃത്വത്തിന് പൂർണ്ണ അവകാശമുണ്ടെന്നും മേജർ ജനറൽ അൽ മാലികി വ്യക്തമാക്കി.