കോഴിക്കോട്: ജില്ലയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നിലവിൽ പട്ടികയിൽ ഉൾപ്പെടാത്തവർക്കും പുതുതായി പേര് ചേർക്കേണ്ടവർക്കും അവസരം പ്രയോജനപ്പെടുത്താം.

ഒക്ടോബർ 15 മുതൽ 31 വരെ ജില്ലയിലെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഫോറം വിതരണവും ഡിജിറ്റൽ ഹെൽപ് ഡെസ്‌ക്കുകളും പ്രവർത്തിക്കും.

മുൻപുണ്ടായിരുന്ന അധിക ഡിക്ലറേഷൻ ഫോറം ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. അതിനാൽ അപേക്ഷകർക്ക് ഫോറം 6 മാത്രം ഓൺലൈനായി സമർപ്പിച്ചാൽ മതി. സിറ്റിസൺ സർവീസ് പോർട്ടൽ വഴിയോ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയോ ഫോറം 6 സമർപ്പിക്കാം. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ കൂടി നൽകണം.

തിരിച്ചറിയൽ രേഖകളായി കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഐഡി കാർഡ്, പെൻഷൻ പെയ്മെന്റ് ഓർഡർ, ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, മെട്രിക്യുലേഷൻ സർട്ടിഫിക്കറ്റ്, സ്ഥിരതാമസ സർട്ടിഫിക്കറ്റ്, വനാവകാശ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, എൻആർസി, കുടുംബ രജിസ്റ്റർ, സർക്കാർ നൽകുന്ന ഭൂമി/ വീട് അലോട്ട്മെന്റ് സർട്ടിഫിക്കറ്റ് എന്നിവ പരിഗണിക്കും. ആധാർ സമർപ്പിക്കുന്നവർ അനുബന്ധ രേഖ കൂടി സമർപ്പിക്കണം.

യുവ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ തലങ്ങളിൽ 'ക്യാമ്പസ് ടു ബൂത്ത്' എൻറോൾമെന്റ് ഡ്രൈവും നടത്തും. നവംബർ രണ്ട് മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്നതാണ് ഡ്രൈവ്.