കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തെ തുടർന്നു താത്കാലികമായി അടച്ച വ്യോമപാത കുവൈത്ത് തുറന്നു. ഇതോടെ വ്യോമ ഗതാഗതം സാധാരണ നിലയിലായി. കുവൈത്തിനു നേരെ ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തെ തുടർന്നു 4.30 ഓടെയാണ് കുവൈത്ത് വ്യോമപാത അടച്ചത്.

വ്യോമയാന നാവിഗേഷന്റെയും യാത്രക്കാരുടെയും സുരക്ഷയുടെ ഭാഗമായിട്ടായിരുന്നു മുൻകരുതൽ നടപടി. ഈ സമയം വിമാനങ്ങൾ ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

മുൻകരുതൽ നടപടികൾ ആവശ്യമായി വന്ന സാഹചര്യങ്ങൾ അവസാനിച്ചതിനെത്തുടർന്നാണ് വ്യോമഗതാഗതം പുനരാരംഭിച്ചതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.