കൊച്ചി: എറണാകുളം കോതമംഗലം കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ വയോധികയെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുല്ലാന്തിക്കാടൻ പി.വി കുരിയാക്കോസിന്റെ ഭാര്യ കുഞ്ഞമ്മ (61) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഭർത്താവ് പി.വി കുരിയാക്കോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം.

മക്കൾ വിദേശത്തായതിനാൽ കുഞ്ഞമ്മയും ഭർത്താവും മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. കുഞ്ഞമ്മയെ കുരിയാക്കോസ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. കൊലപാതകത്തിന് ശേഷം കുരിയാക്കോസ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

മുൻപ് ഇരുവരും തമ്മിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്നതിൽ ദുരൂഹത തുടരുകയാണ്.