കൽപ്പറ്റ: വയനാട് ജില്ലയുടെ 36-ാമത് ജില്ലാ കളക്ടറായി വി. ചെൽസസിനി ചുമതലയേറ്റു.
2019 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. തമിഴ്നാട് നാഗർകോവിൽ സ്വദേശിനിയാണ്. പത്തനംതിട്ട അസിസ്റ്റന്റ് കളക്ടർ, കോഴിക്കോട് സബ് കളക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരനാണ് ഭർത്താവ്.
നിലവിലെ കളക്ടറായിരുന്ന ഡി.ആർ. മേഘശ്രീ ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. കർണാടക സ്വദേശിയായ മേഘശ്രീ 2024 ജൂലായ് 17നാണ് വയനാടിന്റെ 35-ാമത് കളക്ടറായി ചുമതലയേറ്റത്. ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു ചൂരൽമല-മുണ്ടക്കൈ ദുരന്തം. ദുരന്തത്തിലെ രക്ഷാപ്രവർത്തനവും പുനരധിവാസവും കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധേയയായിരുന്നു മേഘശ്രീ.