പേരാമ്പ്രയില്‍ കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവത്തില്‍ സോനയുമായി പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്ന് രജിന്‍ലാലിന്റെ പിതാവ് രാജന്‍. മൂന്നുവര്‍ഷമായി വളരെ സന്തോഷത്തോടെയാണ് ഇരുവരും കഴിഞ്ഞിരുന്നതെന്നും അദ്ദേഹം പറയുന്നു. സോന വലിയ ദുരിതങ്ങളാണ് നേരിട്ടതെന്ന് കുടുംബം പറയുന്നുണ്ടെങ്കില്‍ അവര്‍ തിരിഞ്ഞു നോക്കാതിരുന്നതെന്തുകൊണ്ടെന്നും രാജന്‍ ചോദിക്കുന്നു. മൂന്നുവര്‍ഷമായി സോനയെ അന്വേഷിക്കാത്തവരാണെന്നും ഇവിടെ പ്രശ്നമുണ്ടെങ്കില്‍ ഒരു ദിവസമെങ്കിലും വന്ന് അന്വേഷിക്കേണ്ടതല്ലേയെന്നും രാജന്‍ ചോദിക്കുന്നു.

പമ്പില്‍ നിന്നും സോന കാനില്‍ പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ടു, ചതിക്കാന്‍ വേണ്ടിയാകും പെട്രോള്‍ വാങ്ങിയതെന്നും രാജന്‍ പറയുന്നു. കാറിനുള്ളില്‍ തീ പിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നും പെട്രോളാണെന്നും പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സോനയുടെ ശരീരത്തില്‍ പെട്രോളിന്‍റെ അംശമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇതിനിടെയിലാണ് പമ്പില്‍ നിന്നും സോന പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇത് അന്വേഷണത്തില്‍ നിര്‍ണായകമായി. 



റിജിന്‍ ലാല്‍ ഉപദ്രവിക്കുന്ന കാര്യം സോന നേരത്തേ മാതൃസഹോദരിയുടെ മകളോട് പങ്കുവച്ചിരുന്നു. മരിക്കുന്ന ദിവസം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി ഏഴു മണി വരെ സോന ഇവരുടെ വീട്ടിലായിരുന്നു. അന്ന് വൈകിട്ട് ടൗണില്‍ പോകണമെന്നും ആവശ്യപ്പെട്ടു. മാതൃസഹോദരിയുടെ മകള്‍ വസ്ത്രം വാങ്ങാന്‍ കടയിലേക്ക് പോയപ്പോള്‍ അല്‍പനേരത്തേക്ക് സോനയെ കണ്ടിരുന്നില്ലെന്നും പിന്നീട് ഫുട്പാത്തിലൂടെ നടന്ന് വരുന്നതാണ് കണ്ടതെന്നും മൊഴിയുണ്ട്. 

റിജിന്‍ലാലിന് മറ്റൊരു പെണ്ണുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതറിഞ്ഞ സോനയുമായി വലിയ തോതില്‍ തര്‍ക്കമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് സോന ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോയെന്ന സംശയവും ഉയരുന്നുണ്ട്. എന്നാല്‍ സോന ആത്മഹത്യ ചെയ്യില്ലെന്നും  കൊലപാതകമാണെന്നും കുടുംബം ആവര്‍ത്തിക്കുന്നു. മരിക്കുന്ന ദിവസവും സോനയുമായി ഭർത്താവ് റിജിൻ ലാൽ വഴക്കിട്ടിരുന്നുവെന്ന് ബന്ധു സത്യൻ പറഞ്ഞു. സോനയെ നിരന്തരം പീഡിപിച്ച റിജിൻ കുഞ്ഞിന്റെ ഡിഎൻഎ അടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചു.