തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത് മോട്ടോർ വാഹന വകുപ്പ് വിലക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി ഇത്തരം യാതൊരുവിധ നിർദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നും എംവിഡി അറിയിച്ചു. കുട്ടികളെ നിർബന്ധമായും സ്കൂൾ ബസുകളിൽ തന്നെ അയക്കണമെന്നും ഓട്ടോറിക്ഷകൾ ഒഴിവാക്കണമെന്നും ഗതാഗത വകുപ്പ് ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെയാണ് പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഔദ്യോഗിക വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്, അനുവദനീയമായ എണ്ണത്തിൽ മാത്രം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരുവിധ വിലക്കുമില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു.
സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളിൽ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും വകുപ്പ് കൂട്ടിച്ചേർത്തു. അതേസമയം, ഓട്ടോറിക്ഷകളിൽ പരിധിയിൽ കൂടുതൽ കുട്ടികളെ കയറ്റി സർവീസ് നടത്തരുതെന്ന് കർശന നിർദേശമുണ്ട്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ അനുവദനീയമായ എണ്ണം കൃത്യമായി പാലിക്കാൻ ഡ്രൈവർമാരും രക്ഷിതാക്കളും ശ്രദ്ധിക്കണം. സ്കൂൾ തുറന്ന പശ്ചാത്തലത്തിൽ ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇതോടൊപ്പം സംസ്ഥാനത്തെ വാഹന പരിശോധന കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ഉടൻ തന്നെ 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. തിരുവനന്തപുരത്ത് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങളുടെ ഫിറ്റ്നസ്സ് പരിശോധനയ്ക്കായി ഓരോ ജില്ലയിലും പൂർണ്ണമായും മെഷീൻ നിയന്ത്രിതമായ രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുക. പരമ്പരാഗത രീതികൾക്ക് പകരം അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് മാറുമ്പോൾ അക്രഡിറ്റഡ് സെന്ററുകൾ വഴിയുള്ള ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകൾ കൂടുതൽ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.