നാദാപുരം: നാദാപുരം വളയത്ത് നിന്ന് ഇന്ന് രാവിലെ കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയില്‍ കണ്ടെത്തി. വളയം ടൗണിനടുത്ത് ഇടിക്കുന്നുമ്മല്‍ ഗോപാലന്റെ മകന്‍ രഞ്ജിത്ത് ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ മുതല്‍ രഞ്ജിത്തിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചിരുന്നു. പുലര്‍ച്ചെ കളിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ ഇറങ്ങിയതായിരുന്നു.

പുലര്‍ച്ചെ 5:30 ഓടെ വിഷ്ണുമംഗലം ബണ്ട് പരിസരത്തെ പാലത്തിന് സമീപം റോഡരികിലായി രഞ്ജിത്ത് സഞ്ചരിച്ച KL 18 Y 1967 നമ്പറിലുള്ള സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സ്‌കൂട്ടറില്‍ കുടയും രഞ്ജിത്തിന്റെ ചെരുപ്പും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് യുവാവ് പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാകാം എന്ന സംശയത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്.

രാവിലെ 8:30 മുതല്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വളയം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.