കൊച്ചി: തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ ‍ഇടിവ്. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് സ്വർണം പവന് 2200 രൂപ കുറഞ്ഞു. പവന് 112000 രൂപയായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 275 രൂപ കുറഞ്ഞ് 14000 രൂപയായി. 18 കാരറ്റിന് 225 രൂപ കുറഞ്ഞ് പവന് 92040. ഇന്നലെ ഗ്രാമിന് 35 രൂപ കുറഞ്ഞ് 14275 രൂപയും പവന് 280 രൂപ കുറഞ്ഞ് 1,14,200 രൂപയുമായിരുന്നു വില. വെള്ളിവിലയിലും ഇടിവുണ്ട്. ഗ്രാമിന് അഞ്ച് രൂപയും കിലോക്ക് 5000 രൂപയുമാണ് കുറഞ്ഞത്. 275 രൂപയാണ് ഗ്രാം വില.

വ്യാഴാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 14,310 രൂപയും പവന് 1,14,480 രൂപയുമായിരുന്നു വില. തിങ്കളാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇതേ വില മാറ്റമില്ലാതെ തുടർന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് 33.01 ഡോളർ കുറഞ്ഞ് 4,444.25 ഡോളറായി. 0.74 ശതമാനമാണ് കുറഞ്ഞത്. ഈ വർഷം ജനുവരി 29നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.